Monday, April 6, 2020

ന്യൂസീലന്റിലെ ക്ഷീരകർഷകൻ

പാലുൽപാദനത്തിൽ ലോകത്ത്  എട്ടാം സ്ഥാനത്താണ്  കേരളസംസ്ഥാനത്തിന്റെ ഏഴ് ഇരട്ടിയോളം വലിപ്പം മാത്രമുള്ള ന്യൂസിലൻഡ് എന്ന കൊച്ചുരാജ്യം. രണ്ടുലക്ഷത്തിഅറുപത്തെണ്ണായിരം  ചതുരശ്രകിലോമീറ്റർ വലിപ്പമുള്ള, നാല്പത്തിയൊൻപത് ലക്ഷം മാത്രം ജനസംഖ്യയുള്ള ന്യൂസിലന്റിലെ ആകെ കറവപ്പശുക്കൾ അറുപത്തിമൂന്നുലക്ഷത്തിഅമ്പതിനായിരം ആണ്. പുതിയതായി വരുന്ന ക്ഷീരകർഷകർക്ക് വേണ്ടി കാലിവളർത്തലിനെപ്പറ്റി സർക്കാർ സൗജന്യമായി സർട്ടിഫിക്കറ്റ് കോഴ്‌സുകൾ നടത്തുന്നുണ്ട്. അത് ബാങ്കിൽ നിന്ന് കാർഷിക ലോണിനും  സർക്കാരിന്റെ മറ്റ് സബ്‌സിഡികൾ ലഭിക്കാനും സഹായിക്കും. നൂറു പശുക്കൾ  മുതൽ ഇരുപതിനായിരം പശുക്കളെ വരെ വളർത്തുന്ന ക്ഷീരകർഷകർ ന്യൂസിലന്റിൽ ഉണ്ട്. 950 പശുക്കൾ മാത്രം സ്വന്തമായിട്ടുള്ള ഒരു ഇടത്തരം ക്ഷീരകർഷകന്റെ ഫാമിൽ പശുക്കളെ വളർത്തുന്ന രീതി ഒന്ന് കാണണമെന്ന് തോന്നിയതുകൊണ്ടാണ് പരിചയമുള്ള ഒരു ഫാം മാനേജറിന്റെ സഹായത്തോടെ അവിടെയെത്തിയത് .

     ഇരുനൂറ്റിപതിനേഴ് ഹെക്ടറിലായി  പരന്നു കിടക്കുന്ന പച്ചപ്പുൽമൈതാനമായിരുന്നു ആ ഫാമിലുണ്ടായിരുന്ന 950 പശുക്കളുടേയും താവളം. അതിൽ കറവ വറ്റിയവയേയും ചെറിയ രോഗലക്ഷണങ്ങൾ കാണിക്കുന്നവയേയും പ്രത്യേകം പ്രത്യേകം വേലികെട്ടിത്തിരിച്ച്  മാറ്റി നിർത്തിയിട്ടുണ്ട്. എല്ലാ പശുക്കളെയും പൂർണമായും ഇൻഷുർ ചെയ്തിട്ടുള്ളതുകൊണ്ട് പശുക്കളുടെ ഇത്തരം കാര്യങ്ങളിൽ ഉടമസ്ഥൻ ആകുലപ്പെടേണ്ടതില്ല. തൊ
ഴുത്തില്ല, കെട്ടിയിടാൻ കഴുത്തിൽ കയറില്ല, മൂക്ക് കയറില്ല, തെളിച്ചു കൊണ്ട് നടക്കാൻ വടിയുമായി ഇടയന്മാരില്ല. സ്വതന്ത്രമായി പുല്ലും തിന്നു അലസമായി അയവിറക്കി നടക്കുന്ന പലയിനത്തിൽപെട്ട പശുക്കൾ. അതിൽ ജേഴ്സിയും, സങ്കരയിനം പശുക്കളും(Cross-Bred), Holstein-Friesian, Ayrshire  എന്നീ ഇനങ്ങളും ഉൾപ്പെടും. രാത്രിയും പകലും വെയിലത്തും മഴയത്തും മഞ്ഞു പൊഴിയുമ്പോഴുമെല്ലാം ആ പുൽമൈതാനം മാത്രമാണ് പശുക്കൾക്കാലയം. പുൽമേടുകളിൽ പല ഭാഗത്തായി പശുക്കൾക്ക് കുടിക്കാനുള്ള കുടിവെള്ള ടാങ്കുകൾ ഉണ്ട്. ചില ഫാമുകളിലെ ടാങ്കുകളിൽ കുടിച്ചു തീർക്കുമ്പോൾ വീണ്ടും നിറയാനുള്ള  ഓട്ടോമാറ്റിക് സംവിധാനമുണ്ട്. അല്ലാത്ത ഫാമുകളിൽ രണ്ടോ മൂന്നോ ദിവസം ഇടവിട്ട്  ടാങ്കുകൾ  നിറച്ചു കൊടുത്തുകൊണ്ടിരിക്കും. ഈ വെള്ളത്തിലൂടെ തന്നെയാണ് പശുക്കൾക്കാവശ്യമായ മഗ്നീഷ്യം ക്ലോറൈഡ് , ക്രിസ്റ്റലിക്സ് പോലെയുള്ള ബ്രാൻഡഡ് ബൂസ്റ്ററുകൾ , മറ്റുള്ള ദ്രവീകൃത പോഷകാഹാരങ്ങൾ , വിറ്റാമിനുകൾ ,മിനറലുകൾഇവയെല്ലാം നൽകുന്നത് .   
   ഈ പുൽമേടുകളെ പല കള്ളികളായി വേലികെട്ടി (paddocks) തിരിച്ചിട്ടുണ്ട്. ഒരു സമയം ഒരു വേലിക്കെട്ടിനകത്തു മാത്രമേ എല്ലാ പശുക്കളും നടന്ന് പുല്ലു തിന്നുകയുള്ളൂ. ബാക്കി സമയം മറ്റു കള്ളികളിലെ പുല്ലുകൾക്കു വളരാനുള്ള സമയമാണ്. നല്ല പുല്ലുകൾ കണ്ട് ഒന്നിൽ നിന്ന് മറ്റൊന്നില്ലേക്ക് പശുക്കൾ പോകാതിരിക്കാൻ പഡോക്കുകൾ തമ്മിൽ തിരിക്കുന്നത് ചെറിയതോതിൽ  വൈദ്യുതി പ്രവഹിക്കുന്ന കമ്പികൾ കൊണ്ടാണ്. പുൽമേടുകൾ പരിശോധിക്കുകയും പരിപാലിക്കുകയും ചെയ്യാനായി വിദഗ്ധരായ ആളുകളും ഉണ്ട് .  അവരുടെ കയ്യിൽ ഉള്ള പുല്ലിന്റെ വളർച്ചയും ആരോഗ്യവും അറിയാനുള്ള  ഉപകരണം കൊണ്ട് പുല്ലിന്റെ  വളർച്ച പരിശോധിച്ച ശേഷമാണ് ഏറ്റവും ആരോഗ്യത്തോടെ വളർന്നു നിൽക്കുന്ന അടുത്ത പുൽമേട്ടിലേക്ക്  ഈ പശുക്കളെ മാറ്റാൻ അവർ ശുപാർശ ചെയ്യുന്നത്. ഒരു പശുവിനു കുറഞ്ഞത് 20kg പുല്ല് എന്ന കണക്കിന് അനുപാതികമായാണ്  പെഡോക്കുകൾ തിരിച്ചിരിക്കുന്നത്. .
    വേനലും വരൾച്ചയും എത്തുമ്പോൾ പുല്ലുകൾ ഉണങ്ങിപ്പോകാതിരിക്കാൻ പുല്ലുകൾ തുടർച്ചയായി നനച്ചു കൊടുക്കേണ്ടി വരും. 217 ഹെക്റ്റർ നനക്കാൻ 
K -ലൈൻ , ഓട്ടോ സ്പ്രിങ്ക്ളേഴ്‌സ് ,പിവെറ്റ്‌സ് എന്നിങ്ങനെ മൂന്നോ നാലോ വ്യത്യസ്ത തരം പമ്പുകളാണ് അവിടെ ഉപയോഗിച്ചിരുന്നത്. അതിൽ പിവെറ്റ്‌സ് എന്നയിനം സംവിധാനമുപയോഗിച്ച് ഫാമിന്റെ ഘടനയ്ക്കനുസരിച്  100 ഏക്കറോളം നനക്കാൻ സാധിക്കും. 
   മഞ്ഞുകാലം തീരാറാകുമ്പോഴേക്കും  പ്രസവസമയമാണ്. ആ സമയത്ത് ഒരുപാട് പോഷകങ്ങൾ അടങ്ങിയ ഗ്രൈൻസ് എന്ന് ഇവർ വിളിക്കുന്ന കാലികൾക്കു വേണ്ടി മാത്രം വളർത്തിയെടുക്കുന്ന ഉണക്കിയ പുല്ലും തിന്നാൻ കൊടുക്കും. പ്രസവസമയത്തെ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായാണിത്. പ്രസവ ശുശ്രൂഷകൾ, പ്രസവമെടുപ്പ് ഇങ്ങനെയുള്ള ചടങ്ങുകൾ ഒന്നുമില്ല. ഒറ്റ ദിവസത്തിൽ തന്നെ ബീജം കുത്തിവച്ചു ഗർഭധാരണം നടത്തുന്നതുമൂലം പ്രസവ സമയമാകുമ്പോൾ മിക്ക പശുക്കളും അവയുടെ വർഗ്ഗവ്യത്യാസമനുസരിച്ചു പത്തോ ഇരുപതോ പശുക്കൾ  ദിവസങ്ങളിലെ വ്യത്യാസത്തിൽ ആ പുൽമേട്ടിൽ തന്നെ നിന്ന് കൂട്ടമായി പ്രസവിക്കുകയാണ് പതിവ്. 
     പാൽ കറക്കുവാൻ പ്രത്യേകം സജ്ജീകരിച്ച കറങ്ങിക്കൊണ്ടിരിക്കുന്ന കറവത്തൊഴുത്തുണ്ട്. rotary milking യൂണിറ്റ്.  പശുക്കളെ നിർബന്ധിച്ചു പിടിച്ചു വലിച്ചു കൊണ്ടുപോയി കറക്കണ്ട. ചില പഡോക്കുകളിൽ നിന്ന് കറവത്തൊഴുത്തു വരെ  ഏകദേശം ഒരു കിലോമീറ്ററിലധികം ദൂരമുണ്ടാകും. കറക്കേണ്ട സമയമാകുമ്പോൾ ഫാം അസിസ്റ്റന്റ് ക്വാഡ് ബൈക്കുമായി വന്നു പശുക്കളെ ഒന്ന് ഇളക്കി വിടും. പിന്നെ കറവത്തൊഴുത്തിലേക്ക് എല്ലാ പശുക്കളും വരിവരിയായി തന്നെത്താൻ നടന്നെത്തിക്കൊള്ളും. ഒരു നേരം ഈ ഫാമിലെ 821 പശുക്കളെ കറക്കുന്നതും ആ ഒരു അസിസ്റ്റന്റ് തന്നെയാണ്. പശുക്കൾക്ക് കറക്കാനായി കയറിനിൽക്കാൻ ഓരോ സ്ലോട്ട് ഉണ്ടാകും. വളരെ സാവധാനം കറങ്ങിക്കൊണ്ടിരിക്കുന്ന ഓരോ സ്ലോട്ടുകളിലേക്കും ഓരോ പശുക്കളായി കയറി നിൽക്കും. അതിനു ആരും സഹായിക്കേണ്ടതില്ല. ഓരോ സ്ലോട്ടും കറങ്ങി വരുമ്പോൾ അടുത്ത പുറകിൽ നിൽക്കുന്ന പശു എന്ന കണക്കിന് പശുക്കൾ സ്ലോട്ടിലേക്കു കയറി നിന്ന് കൊണ്ടേയിരിക്കും. പശുക്കൾ സമാധാനമായി നിന്ന് പാൽ ചുരത്താൻ പാകത്തിന് പോഷകസമൃദ്ധമായ രുചിയേറിയ ഗ്രേയ്‌നുകൾ അതിന്റെ മുന്നിലെ ട്രേയിൽ വന്നു വീണുകൊണ്ടിരിക്കും. കറങ്ങി വരുന്ന പശുവിന്റെ അകിടിലേക്ക് കറക്കാനുള്ള യന്ത്രത്തിന്റെ നോബ്  പിടിപ്പിച്ചു കൊടുക്കുക മാത്രമാണ് കറവക്കാരിയുടെ ജോലി. 60 പശുക്കൾക്ക് ഒരേ സമയം നിന്ന് കറക്കാൻ സാധിക്കുന്നതാണ്  ആ യൂണിറ്റ്. പാൽ തീർന്നു കഴിഞ്ഞാൽ കറക്കുന്ന നോബ് അകിടിൽനിന്നു ഊരി വീഴും, അത് താഴെ വീണു കിടക്കാതിരിക്കാൻ അപ്പോൾ തന്നെ ഒരു ചരടിൽ അത് ഉയർന്നു മാറി നിൽക്കും. റോട്ടറി യൂണിറ്റ് കറങ്ങി തിരിച്ചു പുറത്തേക്കുള്ള വാതിലിൽ എത്തുമ്പോൾ പശു താനേ പുറകോട്ടു നടന്നു തിരിഞ്ഞു  വീണ്ടും  വന്ന പുൽമേട്ടിലേക്കു തന്നെ തിരികെ നടന്നുതുടങ്ങും. 821 പശുക്കൾ മുഴുവൻ കറന്നുതീരാൻ ആകെ എടുത്ത സമയം 1 മണിക്കൂറും 52 മിനിറ്റുമാണ്.  ഏറ്റവും വരണ്ട സീസണിൽ 15000 ലിറ്റർ പാലും സാധാരണ സമയങ്ങളിൽ 26000 ലിറ്റർ പാലുമാണ് ഒരു ദിവസം കറന്നെടുക്കുന്നത്. അകിടിൽ നിന്ന് ടാങ്കിലേക്കെത്തുന്ന പാലിൽ രോമങ്ങളോ,അകിടിൽ പറ്റിപ്പിടിച്ചിരിക്കുന്ന പുല്ലോ ചാണകത്തിന്റെ അവശിഷ്ടങ്ങളോ പോകാതിരിക്കാൻ അത്  പ്രത്യേക ഫിൽറ്ററിൽ അരിച്ചു, പാസ്ചറൈസ് ചെയ്ത് ശീതീകരിച്ച ടാങ്കിലേക്ക് അപ്പപ്പോൾ തന്നെ നിറച്ചുകൊണ്ടേയിരിക്കും.11500 ലിറ്ററും  21000 ലിറ്ററും സംഭരണ ശേഷിയുള്ള ടാങ്കുകളാണ് ഈ ഫാമിലുള്ളത്.  ദിവസേന കറന്നപാൽ അന്നന്ന് തന്നെ ടാങ്കറിൽ വന്നു നിറച്ചു കൊണ്ടുപോയതിനു ശേഷം ടാങ്കുകൾ എല്ലാം തന്നെ ആസിഡും ആൽക്കലിയും മാറി മാറി ഉപയോഗിച്ച്  വൃത്തിയാക്കാനുള്ള  സംവിധാനവും  ഉണ്ട്. 500  ലിറ്ററോളം വെള്ളം 85 ഡിഗ്രി ചൂടിൽ  മാറി മാറി ഉപയോഗിച്ചാണ് വൃത്തിയാക്കുന്നത്. പാൽ സംഭരണടാങ്കും പൈപ്പുകളും മിൽക്ക് ടാങ്കറും സ്റ്റെയിൻലെസ്സ്സ്റ്റീലിൽ നിർമിച്ചിരിക്കുന്നത് കൊണ്ടുതന്നെ പൂർണമായും  വൃത്തിയായി സൂക്ഷിക്കാൻ കുറച്ചു കൂടി എളുപ്പമാണ്.
   ന്യൂസീലന്റിൽ പാലിന്റെ വില ലിറ്ററിന് ഏകദേശം ഒന്നര ഡോളർ ആണ്. വെണ്ണയും കൊഴുപ്പും ഒക്കെ എടുത്തുമാറ്റിയശേഷമുള്ള പാലിനാണ് ആ വില. പാൽകൊഴുപ്പ് (cream ), വെണ്ണ (butter) Buttermilk , തൈര് (Curd) , പാൽപ്പൊടി എന്നിവയൊക്കെ അതിൽനിന്നും വേർതിരിച്ചെടുത്ത് കയറ്റുമതി ചെയ്യുന്നുണ്ട്. ബാക്കി വരുന്ന പാലാണ് കടകളിൽ നിന്ന് വാങ്ങാൻ കിട്ടുന്നത്. ശുദ്ധമായ പശുവിൻ പാൽ 24 മണിക്കൂർ കൊണ്ട് ചീത്തയായി തുടങ്ങുമ്പോൾ കടയിൽ നിന്ന് കിട്ടുന്ന പാക്കറ്റ് പാൽ ഒരാഴ്ചയോളം തണുപ്പിൽ കേടുകൂടാതെയിരിക്കുന്നത് ഇതുകൊണ്ടാണ്.   അതുകൊണ്ടുതന്നെ കടയിൽ നിന്ന് വാങ്ങാൻ കിട്ടുന്ന പാലിന്റെ ഇരട്ടിയിലധികം  വിലയ്ക്കുതന്നെയാണ് ഫാമുകളിൽ  നിന്ന് ശുദ്ധമായ കൊഴുപ്പേറിയപാൽ കമ്പനിക്ക് നേരിട്ട് വിൽക്കുന്നത്. കൊടുക്കുന്ന പാലിന്റെ ഗ്രേഡ് അനുസരിച്ചു വിലയിൽ നേരിയ വ്യത്യാസം ഉണ്ടായേക്കാം എന്ന് മാത്രം.
   32 വയസ്സ് മാത്രം പ്രായമുള്ള ഫാമിന്റെ ഉടമസ്ഥൻ ഉൾപ്പടെ ആകെ അഞ്ചുപേർ അവിടെ ജോലി ചെയ്യുന്നു. അവരുടെയെല്ലാം ശമ്പളം, വളത്തിന്റെയും , കാലിത്തീറ്റയുടെയും,പോഷകങ്ങളുടെയും, വൈദ്യുതിയുടെയും ബാക്കി ചിലവുകളുടെയും തുക മാറ്റിവച്ചാൽ  കിട്ടുന്ന ഫാമിന്റെ  വാർഷിക ലാഭം മാത്രം ഏകദേശം 7.3million (73 ലക്ഷം ന്യൂസീലന്റ് ഡോളർ) വരും (മുപ്പത്താറുകോടി അമ്പതുലക്ഷം ഇന്ത്യൻ
 രൂപ). അതായത് ആ ക്ഷീരകർഷകന്റെ   ഒരുദിവസത്തെ  ശരാശരി / കുറഞ്ഞ വരുമാനം ഏകദേശം പത്തു ലക്ഷം ഇന്ത്യൻ രൂപയാണ് എന്ന് സാരം .

  നമ്മുടെ നാട്ടിൽ ഇത്ര വലിയൊരു ഫാം തുടങ്ങുന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല. താല്പര്യമുള്ള കുറച്ചുപേർ ഒന്നിച്ചുകൂടി ഒരു സൊസൈറ്റി രൂപീകരിക്കുകയും, അത് രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുത്തശേഷം പശുവളർത്തലിനു മൂലധനമിറക്കാൻ താല്പര്യമുള്ളവരുടെ കയ്യിൽനിന്നുകൂടി ഒരു പശുവിനു ഇത്ര രൂപ എന്ന കണക്കിൽ ഷെയർ വാങ്ങുകയും ചിലവുകൾ കഴിച്ചുള്ള ലാഭം അവർക്കു കൊടുക്കുകയും ആവാം. എല്ലാ പശുക്കളെയും ഇൻഷുർ ചെയ്തിരിക്കണം എന്ന് നിർബന്ധമാണ് മാത്രമല്ല എല്ലാ വരവ് ചെലവ് കണക്കുകളും ഷെയർ വാങ്ങിയിട്ടുള്ളവർക്ക് എല്ലാ മാസവും കൊടുക്കുകയും വേണം. വാഗമൺ പോലെ അധികം ചൂട് ഇല്ലാത്ത പ്രദേശങ്ങളിൽ സ്ഥലം പാട്ടത്തിനെടുത്ത് ചെയ്യാൻ പറ്റിയ ഒരു സംരംഭമാണിത്.



Thursday, January 9, 2020

കൊതുകു പുരാണം

എന്തുകൊണ്ടാണ് നമ്മുടെ നാട്ടിൽ ഇത്രയേറെ കൊതുകുകൾ ?


കൊതുകുകൾ വെള്ളത്തിൽ മുട്ടയിടുന്നു , അതിന്റെ ലാർവകൾ വെള്ളത്തിൽ വളർന്നു വലുതായി കൊതുകുകളായി പറന്നു തുടങ്ങുന്നു. ആൺ കൊതുകുകളും പെൺകൊതുകുകളും ചെടിയുടെ ഇലയിൽ നിന്നോ തണ്ടിൽ നിന്നോ ഉള്ള സത്ത് വലിച്ചു കുടിച്ചാണ് ജീവിക്കുന്നതെന്നും, ഇണചേരുന്ന കാലമാകുമ്പോൾ മാത്രമാണ് പെൺകൊതുകുകൾ ജീവികളുടെ രക്തം കുടിക്കാൻ എത്തിച്ചേരുന്നതെന്നും  ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. വിവിധ ഇനം രോഗങ്ങൾ പറത്താൻ കഴിവുള്ള ഇവ സന്ധ്യാ സമയങ്ങളിൽ  ആണ് ഏറ്റവും കൂടുതൽ ആക്രമിക്കാൻ എത്തുന്നത്. ഈ ആക്രമണം പല ജാതികളും വർഗ്ഗങ്ങളും മാറിമാറി നേരം വെളുക്കുന്നതു വരെ ഉണ്ടാകും. ഉദ്യാനത്തിലോ വഴിയരികിലോ വീട്ടിലോ പറമ്പിലോ നമുക്ക് സമാധാനമായി ഒന്ന് നിൽക്കാൻ പറ്റാത്തവിധം ഇവറ്റകൾ കടിച്ചു കൊണ്ടേയിരിക്കും. വർഷങ്ങളായി ഇത് തുടർന്ന് വരുന്നതിനാൽ നമ്മളെ സംബന്ധിച്ചിടത്തോളം ഇതൊരു നിത്യ സാധാരണ സംഭവം മാത്രമായി മാറിക്കഴിഞ്ഞു. പക്ഷെ കൊതുകുകൾ ഇല്ലാത്ത ഒരു നാട്ടിൽ നിന്നും വരുന്നയാളുകളെ സംബന്ധിച്ചിടത്തോളം  വളരെ അരോചകവും ഒരുപക്ഷെ കുറെപ്പേർക്കെങ്കിലും ചൊറിച്ചിലും വൃണങ്ങൾ ഉണ്ടാക്കുന്നതും ആയ ഒരു കാര്യമാണിത്. വിദേശ വിനോദ സഞ്ചാരികൾ പലരും തന്നെ ഇതിനെപ്പറ്റി അധികം പരാതി പറയാറില്ലെങ്കിലും അവർക്ക് നമ്മുടെ ഭരണാധികാരികളെപ്പറ്റിയും ആരോഗ്യ വകുപ്പിനെപ്പറ്റിയും ഉണ്ടാകാനിടയുള്ള  ധാരണ നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. അത് തന്നെയുമല്ല അവരിൽ പലരും ഇതിനെ പ്രതിരോധിക്കാനുള്ള മരുന്നുകളും മറ്റും കയ്യിൽ കരുതാറുണ്ട്. പല വിദേശ രാജ്യങ്ങളിലെയും കാടുകളിൽ കൊതുകുകളും sandfly എന്നറിയപ്പെടുന്ന ചില രക്തദാഹിയായ പ്രാണികളും മറ്റും ഉണ്ടെങ്കിലും നമ്മുടെ നാട്ടിലെ പോലെ അവിടത്തെ  നഗരങ്ങളിലൊന്നും അവയെ കാണാറില്ല .

മ്മുടെ നാട്ടിൽസന്ധ്യയായാൽ വിളക്ക് കോളുത്തുന്നതിനോടൊപ്പം എല്ലാവരും കൊതുകുതിരികൾ കത്തിച്ചു വയ്ക്കുന്നത് ഒരു ചടങ്ങായി മാറി. രാത്രിയിൽ എല്ലാ ബെഡ് റൂമുകളിലും പല തരത്തിലുള്ള കൊതുകു നശീകരണികൾ ആണ് പുകയുന്നത് . കൊതുകിനെ മയക്കാനും കൊല്ലാനും പ്രാപ്തിയുള്ള വിഷപ്പുക..!! കൊച്ചി നഗരത്തിൽ ഒരു ദിവസം പുകയുന്നത്  മാത്രം കോടികളുടെ കച്ചവടമാണെന്നു എത്രപേർക്കറിയാം ? പെട്ടൊന്നൊരുദിവസം  കേരളത്തിൽ കൊതുകുകൾ ഇല്ലാതായാൽ തകരുന്നത്  ഒരു വലിയ വ്യവസായം തന്നെയാണ്. അത് തകരാതിരിക്കാൻ കൊതുകുകൾ പെരുകിയെ മതിയാകൂ. മുനിസിപ്പാലിറ്റികൾ കൊതുകുകളെ നശിപ്പിക്കുന്നത് തടയണം. വെള്ളം കെട്ടിക്കിടക്കുന്ന കാനകളും അഴുക്കു ചാലുകളും സജീവമായിത്തന്നെ കിടക്കണം. കൊതുകുകൾ കുറവുള്ള സ്ഥലത്തു സംഭരിച്ചു വച്ച മുട്ടകളേയും കൂത്താടികളേയും  നിക്ഷേപിക്കണം. കൊതുകു പെരുകുന്നതിനെതിരെ സംസാരിക്കുന്നവന്റെ വായടപ്പിക്കണം. ഇതെല്ലാം ഈ കമ്പനികളുടെ നിലനിൽപ്പിനാവശ്യമാണ്. അതിനായി അഴുക്കു ചാലുകൾ നാടിനാവശ്യമാണെന്നും എല്ലാ ഇടവഴികളിലും നാടിന്റെ നാനാ ഭാഗത്തും അഴുക്കു ചാലുകൾ പണിയാനുള്ള വിദഗ്ധ  ഉപദേശവും ആവശ്യത്തിന് പണവും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർക്ക്  നൽകേണ്ടതുണ്ട്. ഇപ്പോൾ കൊതുകിനു കാനയിൽ അടിക്കുന്ന വിഷം, വിഷപ്പുക എന്നിവ ജനങ്ങൾക്ക് ആരോഗ്യത്തിനു ദോഷകരമാണെന്ന് പ്രചരിപ്പിക്കുകയും അത് അവസാനിപ്പിക്കുകയും വേണം. അത് ചെയ്തില്ലെങ്കിൽ കരാറുകാരന് നഷ്ടമാകുന്ന തുകയിൽ കൂടുതൽ തുക നൽകി കരാറുകാരനെ നിലക്ക് നിർത്തണം.സ്വന്തം കമ്പനിയുടെ നിലനിൽപ് രാജ്യ താല്പര്യത്തേക്കാൾ കമ്പനിയുടെ ഉടമയ്ക്ക് എന്നും വലുതായിരിക്കും. 

കൊതുകുകളെ കൊല്ലാൻ ഫോഗിങ് എന്നൊരു കലാപരിപാടി നടത്താറുണ്ട്. ഏതെങ്കിലും ഒരു വാഹനത്തിൽ ഫോഗിങ് യന്ത്രം പിടിപ്പിച്ചശേഷം റോഡിലൂടെ വളരെ അപകടകരമായ രീതിയിൽ കാഴ്ച മറയും വിധം വാഹനങ്ങളുടെ മുന്നിൽകൂടിയും, നാട്ടുകാരുടെ മുഖത്തോട്ടും ഇത് പുകച്ചുകൊണ്ട് പോകും. അത്യാവശ്യം നല്ല ശക്തിയേറിയ വിഷപ്പുകയാണിത്. മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യത്തിനു അതത്ര നല്ലതാണെന്നും എനിക്ക് തോന്നിയിട്ടില്ല .  നാട്ടുകാരുടെ പരാതി പ്രകാരം അതും നിർത്തി. നിർത്തണം. കൊതുകുകൾ കാനകൾക്കുള്ളിലാണ് റോഡിലല്ല എന്ന് പലരും പറഞ്ഞു നോക്കിയെങ്കിലും ആ വാക്കുകൾക്ക് കൊതുകുതിരി  കമ്പനിക്കാർ കൊടുക്കുന്ന പണത്തേക്കാൾ വലിപ്പം  മുനിസിപ്പാലിറ്റിയിലെ കരാറുകാരനും നാട്ടിലെ വിവരം കെട്ട കൗൺസിലർമാർക്കും തോന്നിയില്ല. പകരം അവർ കണ്ടുപിടിച്ചത് നാട്ടിലെ കക്കൂസുകളുടെ സെപ്റ്റിക് ടാങ്കിന്റെ വെൻറ് പൈപ്പ് വഴിയും, വീട്ടു പരിസരങ്ങളിൽ കുളിമുറിയിൽ നിന്നും അടുക്കളയിൽ നിന്നും ഒഴുകി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നുമൊക്കെയാണ് നാട് നീളെ ഇത്രയും കൊതുകുണ്ടാകുന്നതെന്നാണ് . അതിനായി എല്ലാ വീട്ടിലും കയറി ഇറങ്ങി മരുന്ന് തളിക്കാനും, സെപ്റ്റിക് ടാങ്കിന്റെ വെൻറ് പൈപ്പ് net  ഉപയോഗിച്ച് അടക്കാനും ഉത്തരവിട്ടു. അതേസമയം കാനകളിൽ നിറഞ്ഞു കവിഞ്ഞിരുന്ന കോടിക്കണക്കിനു കൊതുകുകളെ കൊതുകുതിരി കമ്പനികൾക്ക് വേണ്ടി അവർ കണ്ടതായി ഭാവിച്ചില്ല. 

1970 കളുടെ അവസാനത്തോടെയാണ് കൊതുകിനെതിരെ ഫോഗിങ് എന്ന കണ്ടുപിടുത്തം പുറത്തറിഞ്ഞു തുടങ്ങിയത്. 80കളിൽ എപ്പോഴോ മാതൃഭൂമി/ മനോരമ  പത്രത്തിൽ ( ഏതു പത്രമാണെന്നു വ്യക്തമായി ഓർക്കുന്നില്ല ) കൊതുകു നിവാരണ യന്ത്രത്തെപറ്റി ഒരു വാർത്ത കണ്ടിരുന്നു. കൊതുകുകൾ കാനകളിലെ വെള്ളത്തിൽ മുട്ടയിട്ട് പെരുകുകയും, പകൽ സമയം  പലതും തന്നെ കാനകളിൽ വിശ്രമിക്കുകയും ചെയ്യും. സ്ളാബ് ഇട്ട് അടച്ചു വച്ചിരിക്കുന്ന കാനകളിൽ ഫോഗിങ് യന്ത്രം ഉപയോഗിച്ച് പുക നിറച്ചാൽ അതിനുള്ളിൽ വച്ചുതന്നെ കൊതുകുകൾ ചത്തുപോകുകയും, വെള്ളത്തിലുള്ള കൊതുകിന്റെ കൂത്താടികൾ ശാസത്തിനായി വെള്ളത്തിനു മുകളിൽ വരുമ്പോൾ അതും ഈ വിഷപ്പുകയിൽ ചത്തൊടുങ്ങുമെന്നും അന്നത്തെ ആ വാർത്തയിൽ ഞാൻ വായിച്ചിരുന്നതായി ഓർക്കുന്നുണ്ട്. ഒരൊറ്റ ഫോഗിങ് കൊണ്ട് കോടിക്കണക്കിനു കൊതുകുകളെയും അതിന്റെ ലാർവകളെയും കൊല്ലാൻ സാധിച്ചാൽ ഒരൊറ്റ വർഷം കൊണ്ട്  80% കൊതുകുകളും കേരളത്തിൽ നിന്ന് അപ്രത്യക്ഷമാകും. ഈ വിപ്ലവത്തിന് തടസ്സം നിൽക്കുന്നത് കൊതുകുതിരി കമ്പനികളും അതിന്റെ പങ്കു പറ്റുന്ന നിങ്ങളുടെ കൗൺസിലർമാരും മുനിസിപ്പാലിറ്റി അധികൃതരും കരാറുകാരുമാണ്. 

   ചില ചൈനീസ് കമ്പനികൾ ചെറിയ ഇനം ഫോഗിങ് മെഷീൻ വിൽക്കുന്നുണ്ട്. ഒരുപക്ഷെ ഓൺലൈൻ ആയി വാങ്ങാൻ സാധിച്ചേക്കും. കോയമ്പത്തൂരിൽ ഇത് ഉണ്ടാക്കി കൊടുക്കുന്നവരും ഉണ്ടായേക്കാം. അതിൽ  ഉപയോഗിക്കേണ്ട വിഷം കീടനാശിനി വിൽക്കുന്ന കടകളിൽ കിട്ടും. ഏതെങ്കിലും ഒരു റെസിഡൻസ് അസോസിയേഷൻ പ്രവർത്തകർ  മനസ്സ് വച്ചാൽ ഒരെണ്ണം വാങ്ങി ഇത് മറ്റു റെസിഡൻസ് അസ്സോസിയേഷനുകളിലേക്ക് വാടകയ്ക്ക് കൊടുക്കുകയും ആവാം. നിങ്ങളുടെ പരിധിയിലുള്ള കാനകൾ മുഴുവൻ രണ്ടാഴ്ചയിലൊരിക്കൽ പുക നിറച്ചു നോക്കൂ. ബാക്കി സമയം മറ്റു റെസിഡൻസ് അസ്സോസിയേഷനുകളിൽ ഇത് ആവർത്തിക്കട്ടെ. അതിന്റെ വാടക കൊണ്ട് പതിയെ പതിയെ ഇത് വാങ്ങിയ പണം തിരിച്ചു പിടിക്കാം. ഒരേ ഒരു കൊല്ലം !! നിങ്ങൾക്ക് കൊതുകുതിരി ഇല്ലാതെ ,കൊതുകുകടി കൊള്ളാതെ കിടന്നുറങ്ങാം... വീട്ടിനുള്ളിലോ പുറത്തോ വഴിയിലോ പാർക്കിലോ പോയിരുന്നു സമാധാനമായി സംസാരിക്കാം....

ഓർക്കുക...! ഇതിനു എതിർപ്പുകൾ വരും. അവർ കൊതുകുതിരി കമ്പനിയിൽ നിന്ന് പങ്കു പറ്റുന്നവർ ആയിരിക്കും അല്ലെങ്കിൽ നാട്ടിലെ ബുദ്ധിജീവി എന്ന് വിളിപ്പേരുള്ള ഏതെങ്കിലും ഒരു മണ്ടൻകൊണാപ്പൻ!